അമല നഗര്‍: അമല ഹോസ്പിറ്റലില്‍ നീണ്ട 35 വര്‍ഷത്തെ ത്യാഗോജ്ജ്വലമായ സേവനം പൂര്‍ത്തിയാക്കി സിസ്റ്റ്ര്‍ ഇമ്മാനുവല്‍ എസ്.എ.ബി.എസ്. സ്വദേശമായ തൊടുപുഴയ്ക്ക് മടങ്ങി. തൊടുപുഴയിലെ വാരിക്കാട്ട് വീട്ടില്‍ ജനിച്ച 8 പെണ്‍മക്കളും സന്യാസിനികളാണ്. 4 ആണ്‍മക്കളില്‍ ഒരാള്‍ വൈദികന്‍, ബാക്കി 3 പേര്‍ കൃഷിയും കച്ചവടവുമായി കഴിയുന്നു. വീട് ഒരു മഠം പോലെയാണ്. പഠിച്ചത് മലയാള സാഹിത്യമാണെങ്കിലും അക്കൗണ്ട്സിലും മിടുക്കി. ബില്‍ കൗണ്ടറിലാണ് ഇക്കാലമത്രയും ജോലിചെയ്തത്. ജോലിക്കിടയില്‍ പാവപ്പെട്ട നിരവധിപേരുടെ കണ്ണീരൊപ്പാനും സമയം കണ്ടെത്തി. പലരുടെയും സഹായത്തോടെ പെണ്‍കുട്ടികളുടെ വിവാഹവും വിദ്യാഭ്യാസവും നടത്തി കൊടുത്തു. പൊതുജനങ്ങളുടെ ഇമ്മാനുവലമ്മയ്ക്ക് ഇനി മഠത്തില്‍ വിശ്രമജീവിതം. അമല മാനേജ്മെന്‍റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സമുചിതമായ യാത്രയയപ്പ് നല്‍കി.